Kerala
തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെ ഇഡി അന്വേഷണം ഊർജിതമാക്കുന്നു. വീണയുടെ ഡയറിയിൽനിന്ന് കണ്ടെത്തിയ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
വീണയുടെ കൈയക്ഷരത്തിലുള്ള രേഖകളിൽ 20.05 കോടി രൂപയുടെ ഇടപാടുകളുടെ വിവരങ്ങൾ ഇഡി കണ്ടെത്തി. ഡയറിയിൽ രേഖപ്പെടുത്തിയിട്ടുള്ള പണത്തിന്റെ ഉറവിടം, കൈമാറ്റം ചെയ്ത വ്യക്തികൾ, പണം എവിടേക്കാണ് പോയത് തുടങ്ങിയ കാര്യങ്ങളാണ് ഇഡി പരിശോധിക്കുന്നത്. ദുബായിലേക്ക് 85 ലക്ഷം രൂപ കൈമാറിയതായുള്ള വിവരങ്ങളും രേഖകളിൽനിന്ന് ലഭിച്ചതായി ഇഡി വ്യക്തമാക്കിയിട്ടുണ്ട്.
വിദേശത്തേക്കുള്ള ഈ പണമിടപാടിൽ ഫെമ ചട്ടലംഘനം ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചതായി ഇഡി അവകാശപ്പെട്ടിട്ടുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
വീണയുടെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതലായ തുക കൈകാര്യം ചെയ്തതിന്റെ സൂചനകളും ലഭിച്ചതായി ഇഡി പറയുന്നു. വീണ ഉപയോഗിച്ചിരുന്ന സിം കാർഡിനെക്കുറിച്ചും അന്വേഷണം തുടരുകയാണ്. മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡ് ഇന്റർനെറ്റ് കോളുകൾക്കായി ഉപയോഗിച്ചിരുന്നോയെന്നും ഇഡി പരിശോധിക്കുന്നുണ്ട്.
പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വീണയെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി അടുത്ത ആഴ്ച നോട്ടീസ് നൽകിയേക്കുമെന്നാണ് സൂചന. അതേസമയം ലേക്കർ ഇന്ത്യ, സൊളാസ് തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും അന്വേഷണത്തിന്റെ പരിധിയിൽ തുടരുകയാണ്.
Kerala
കോട്ടയം: മാസപ്പടി കേസിൽ ഇഡി കുറ്റപത്രം സമർപ്പിക്കുമ്പോൾ പിണറായി പ്രതിസ്ഥാനത്ത് വരാൻ സാധ്യതയുണ്ടെന്ന് ഷോൺ ജോർജ്. ഇത് വീണാ വിജയനിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ലെന്നും ഷോൺ പ്രതികരിച്ചു.
താൻ നൽകിയ പരാതി വീണയെ മാത്രം ചോദ്യം ചെയ്യാനുള്ളതല്ല. അന്വേഷണം നിലവിൽ 10 ശതമാനത്തോളമെത്തിയിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാസപ്പടി വിഷയത്തിൽ സിപിഎം ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണ്. പിണറായിയുടെ കൂടെ ഇപ്പോൾ പാർട്ടിയില്ല. 26 സഖാക്കൾ ജയിലിൽ കിടക്കുന്നുണ്ടെന്നും ഷോൺ പരിഹസിച്ചു.
Kerala
കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കെതിരേ തെളിവുകൾ തേടി ഇഡി കോടതിയിൽ. എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത 134 രേഖകൾ ആവശ്യപ്പെട്ട് ഇഡി എറണാകുളം പിഎംഎൽഎ കോടതിയെ സമീപിച്ചു.
വീണയും സിഎംആര്എല്ലുമായി ഉണ്ടാക്കിയ കരാര് ഉള്പ്പെടെ ആവശ്യപ്പെട്ടാണ് ഇഡി കോടതിയിലെത്തിയത്. വീണയും സിംഎംആര്എല്ലുമായി ഉണ്ടാക്കിയ 2016 ലെ കരാര് ഉള്പ്പെടെയാണ് ഇഡി തേടിയിരിക്കുന്നത്. എക്സാലോജിക്കും സിഎംആര്എല്ലുമായി 2017 ല് ഉണ്ടാക്കിയ കരാറും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് കൂടാതെ എക്സാലോജിക് ബാങ്ക് സ്റ്റേറ്റ്മെന്റ് വിവരങ്ങള്, വീണയുടെ ഐടി റിട്ടേണ് വിശദാംശങ്ങള്, എംപവര് ഇന്ത്യ കാപ്പിറ്റല് കമ്പനി ലോണ് വിശദാംശങ്ങള്, വീണയുടെ ലോണ് തിരിച്ചടവിന്റെ
വിശദാംശങ്ങൾ ഉള്പ്പെടെയുള്ള രേഖകള് നല്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇഡി കോടതിയില് അപേക്ഷ സമര്പ്പിച്ചിരിക്കുന്നത്.
Kerala
കോട്ടയം: സിഎംആർഎൽ മാസപ്പടി കേസിൽ വീണാ വിജയൻ ഇടനിലക്കാരി മാത്രമാണ്. വീണ പണം കൈപ്പറ്റിയത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുവേണ്ടിയുള്ള കൈക്കൂലി ആയിരുന്നെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും കേസിലെ പരാതിക്കാരനുമായ അഡ്വ. ഷോൺ ജോർജ് പറഞ്ഞു.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലുടനീളവും അതിനു മുമ്പും കേരളത്തിന്റെ തീരദേശത്തെ കരിമണൽ കൊള്ള ചെയ്യാൻ സിഎംആർഎൽ കമ്പനിക്ക് ഒത്താശ ചെയ്തു കൊടുക്കുന്നതിനുള്ള പ്രതിഫലമാണ് വീണയിലൂടെ പിണറായി കൈപ്പറ്റിയിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തുടർനടപടി സ്വീകരിക്കാനുള്ള എല്ലാ തടസങ്ങളും ഹൈക്കോടതി വിധിയിലൂടെ മാറിയെന്നും ഷോൺ ജോർജ് പറഞ്ഞു.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ നിയമപരമായി തടസപ്പെടുത്താന് കഴിയുമെങ്കിലും ആത്യന്തികമായി നിയമവ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് ബോധ്യപ്പെടുന്ന വിധിയാണ് കേരള ഹൈക്കോടതിയിൽനിന്ന് ഉണ്ടായത്. ഇതിൽ നടന്നിരിക്കുന്ന അഴിമതികളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണം.
ഇവിടെനിന്നു കടത്തപ്പെട്ട ധാതുമണൽ ഏതു തരത്തിൽ ഉപയോഗിക്കപ്പെട്ടു എന്ന് പഠിക്കേണ്ടതാണ്. അതിന് ആറ്റോമിക് എനർജി ഡിപ്പാർട്ട്മെന്റിനും സംസ്ഥാന സർക്കാരിനും ഇതുവഴി ഉണ്ടായ നഷ്ടം തിരികെപ്പിടിച്ച് നൽകുന്നതിന് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെയും ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്നും ഷോൺ ജോർജ് അറിയിച്ചു.
സുപ്രീംകോടതിയെ സമീപിക്കാൻ ആവശ്യമായ സമയംപോലും അനുവദിക്കാതെയാണ് ഹൈക്കോടതിവിധി വന്നിരിക്കുന്നത്. ഇതോടെ കേസിൽ കൂടുതൽ അന്വേഷണം നടത്താനും ആവശ്യമായ നടപടികളിലേക്കു കടക്കാനും ഇഡിക്കു സ്വാതന്ത്ര്യം ലഭിച്ചു. സത്യം വിജയിച്ചിരിക്കുകയാണ്.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ആഭ്യന്തര ചട്ടങ്ങൾപോലും ഇത്തരം സാമ്പത്തികനേട്ടങ്ങൾ അനുവദിക്കുന്നില്ല. ലഭിച്ച തുകയ്ക്കു ജിഎസ്ടി അടച്ചുവെന്നാണു സിപിഎം നേതാക്കൾ പറയുന്നത്.
സേവനം നൽകാതെ ഇൻവോയ്സ് നൽകിയിട്ടുണ്ടെങ്കിൽ അതും ജിഎസ്ടി നിയമപ്രകാരമുള്ള ഗുരുതര ലംഘനമാണ്. സേവനം നൽകാതെ ഇൻവോയ്സ് നൽകിയതായി തെളിയുകയാണെങ്കിൽ അതു ജിഎസ്ടി തട്ടിപ്പിന്റെ പരിധിയിൽ വരുമെന്നും ബന്ധപ്പെട്ട നിയമങ്ങൾപ്രകാരം നടപടികൾ സ്വീകരിക്കാമെന്നും അദ്ദേഹം ണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിനും ഇക്കാര്യത്തിൽ അന്വേഷണം നടത്തി കേസെടുക്കാൻ സാധിക്കും. സിഎംആർഎൽ കേസിലെ യഥാർഥ ഉത്തരവാദിത്വം പിണറായി വിജയനാണെന്നും ഷോൺ ജോർജ് പറഞ്ഞു.